ഭുവനേശ്വർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒഡിഷ സർക്കാർ 1.72 ലക്ഷം ആരോഗ്യ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായി ചീഫ് സെക്രട്ടറി എ. കെ ത്രിപാഠി. രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ നിന്ന് ഒഡിയ കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തിയതിനെത്തുടർന്ന് പോസിറ്റീവ് കേസുകളുടെ എണ്ണം വർധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് ആരംഭിച്ചത് മുതൽ സംസ്ഥാനത്ത് 129 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവരിൽ 114 ഓളം പേർ ഗുജറാത്തിൽ നിന്ന് തിരിച്ചെത്തിയവരാണ്.
മൊത്തം 8,023 ഡോക്ടർമാർ, 8,296 സ്റ്റാഫ് നഴ്സുമാർ, 4,105 പാരാമെഡിക്കൽ സ്റ്റാഫ്, ലബോറട്ടറി ടെക്നീഷ്യൻമാർ, 4,114 ആയുഷ് ഡോക്ടർമാർ, 4,905 ആംബുലൻസ് ഡ്രൈവർമാർ, 1,35,820 ആശാ തൊഴിലാളികൾ, 7,236 ശുചിത്വ തൊഴിലാളികൾ എന്നിവരെ കൊവിഡ് വർക്ക് ഫോഴ്സ്, എന്ന നിലയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഒഡിഷ ദുരന്ത നിവാരണ അതോറിറ്റി, യുഎൻഎഫ്‌പിഎയുമായും യുണിസെഫുമായും ചേര്‍ന്ന് 2,471 വോളന്‍റിയർമാർക്ക് കൊവിഡ് 19 പരിശീലനം നൽകിയിട്ടുണ്ട്.