ഭുവനേശ്വര്‍: ഉംപുന്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതച്ച പശ്ചിമ ബംഗാളിന് സാഹയവുമായി ഒഡീഷ സര്‍ക്കാര്‍. പശ്ചിമ ബംഗാളില്‍ മേല്‍ക്കൂരകള്‍ നശിച്ച വീടുകള്‍ക്ക് താല്‍ക്കാലിക റൂഫിങിനായി 500 ടണ്‍ പൊളിത്തീന്‍ ഷീറ്റുകള്‍ ഉടന്‍ എത്തിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അറിയിച്ചു. നേരത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ഒഡീഷ ദുരന്ത നിവാരണ സേനയുടെ 500 അംഗങ്ങളെ ബംഗാളില്‍ നിയോഗിച്ചിരുന്നു.
ഉംപുന്‍ ദുരന്തത്തെ തുടർന്ന് 86 പേരാണ് ബംഗാളില്‍ മരിച്ചത്. നിരവധി നാശനഷ്ടവുമുണ്ടായി. പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാണ് സേനാംഗങ്ങളെ അയച്ചിട്ടുള്ളത്. മടങ്ങിയെത്തുമ്പോള്‍ അവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും ഒഡീഷ ഐജി അസിത് പനിഗ്രഹി വ്യക്തമാക്കി. സേനാംഗങ്ങളുടെ പ്രവര്‍ത്തനത്തെ ബംഗാള്‍ ഭരണകൂടം അഭിനന്ദിച്ചതായും ഐജി അറിയിച്ചു.