ഭുവനേശ്വർ: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,991 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,39,121 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ 11 മരണങ്ങൾ കൂടി നടന്നതോടെ കൊവിഡ് ബാധിച്ച മരിച്ചവരുടെ ആകെ എണ്ണം 591 ആയി ഉയർന്നു.
ഖുർദയിലാണ് പുതിയ കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 687 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്. കട്ടക്കില്‍ 392 ഉം, പുരിയില്‍ 332 ഉം കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. എട്ട് ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഖുർദ, കട്ടക്ക്, പുരി ജില്ലകളിൽ രണ്ട് രോഗികൾ വീതം മരണമടഞ്ഞു. 214 മരണങ്ങളാണ് ഗഞ്ചം ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. ഖുർദയില്‍ ഇതുവരെ 82 പേരാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്ത് ഇപ്പോൾ 33,182 സജീവ കേസുകളുണ്ട്. 1,05,295 പേർ സുഖം പ്രാപിച്ചു. ഒഡീഷയില്‍ ഇതുവരെ 22.73 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായും അധികൃതര്‍ അറിയിച്ചു.