ഭുവനേശ്വർ: കൊവിഡ് രോഗബാധ സംശയത്തെ തുടർന്ന് ഒഡീഷയില്‍ 82,248 പേരെ ക്വാറന്‍റൈനിലാക്കി. വിദേശത്ത് നിന്നും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെയാണ് ക്വാറന്‍റൈനില്‍ നിരീക്ഷണത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 78,233 പേർ ഇന്ത്യയിലെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണെന്ന് സർക്കാർ വക്താവ് സുബറോത്തോ ബാഗ്‌ച്ചി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒഡീഷയില്‍ എത്തിയവർക്ക് രോഗമില്ലെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇവരെല്ലാവരും 14 ദിവസത്തെ ക്വാറന്‍റൈൻ സ്വീകരിക്കണമെന്നും ബാഗ്‌ച്ചി പറഞ്ഞു. വിദേശികളായ 4015 പേർ ഒഡീഷയില്‍ എത്തിയിട്ടുണ്ട്. ഇവരും ക്വാറന്‍റൈനിലാണ്. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച 133 സാമ്പിളുകളില്‍ 129 എണ്ണവും നെഗറ്റീവാണ്. മാറ്റ് നാല് ഫലത്തിനായി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാക്കും നഴ്‌സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നാല് മാസത്തെ ശമ്പളം മുൻകൂട്ടി നല്‍കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു. 30 ജില്ലകൾക്കായി 44.5 കോടി രൂപയുടെ ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷ സ്റ്റേറ്റ് മെഡിക്കൽ കോർപ്പറേഷൻ ലിമിറ്റഡിന് മരുന്നുകൾ വിതരണം ചെയ്യുന്നവർക്ക് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 7 ദിവസത്തെ മരുന്നുകൾ മുൻകൂർ നല്‍കുന്നവർക്ക് 50 ശതമാനം ബോണസ് പേയ്‌മെന്‍റും 15 ദിവസം മുൻകൂട്ടി വിതരണം ചെയ്യുന്നതിന് 25 ശതമാനം ബോണസ് പെയ്‌മെന്‍റും 30 ദിവസത്തിനുള്ളിൽ വിതരണം ചെയ്താൽ 10 ശതമാനവും ലഭിക്കും.