ഭുവനേശ്വർ: സെപ്‌റ്റംബര്‍ 30ന് നടത്താൻ തീരുമാനിച്ച ബിരുദ - ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ ഒക്ടോബർ 10ലേക്ക് നീട്ടണമെന്ന ആവശ്യവുമായി ഒഡിഷ സർക്കാർ. ഇതു സംബന്ധിച്ച് ഒഡിഷ സർക്കാർ സർവകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന് (യു.ജി.സി) കത്തയച്ചു. ബിരുദ - ബിരുദാനന്തര അവസാന വർഷ പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നും ഒഡീഷ സർക്കാർ ആവശ്യപ്പെട്ടു.
ഒരു ദിവസത്തെ ഇടവേളയിൽ പരീക്ഷകൾ നടത്തണമെന്നും മുൻകരുതൽ നടപടിയായി പരീക്ഷാകേന്ദ്രങ്ങൾ ശുചിത്വവൽക്കരിക്കേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. അവസാന സെമസ്റ്റർ / വർഷ ബിരുദ ബിരുദാനന്തര പരീക്ഷകൾ സെപ്‌റ്റംബര്‍ 30നകം നിർബന്ധമായും നടത്തണമെന്ന് യു.ജി.സി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒഡിഷ സർക്കാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.