ന്യൂഡൽഹി: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ വിപുലീകരിക്കണമെന്ന് ഒഡീഷ, ഗോവ, മേഘാലയ സംസ്ഥാന സർക്കാരുകൾ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക് ഡൗൺ നീട്ടുന്നതിനായി മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടത്. നിലവിലുള്ള സാഹചര്യം കൂടുതൽ വഷളാവാതാരിക്കാനാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
ലോക്ക് ഡൗൺ തുടർന്നില്ലെങ്കിൽ സംസ്ഥാനത്തെ അവസ്ഥ കൈവിട്ടു പോകുമെന്നാണ് ഒഡീഷ സർക്കാർ പറയുന്നത്. രാജ്യം ഒരു മാസത്തേക്ക് കൂടി അടച്ചുപൂട്ടി വൈറസ് വ്യാപനം തടയണം. തുടർന്നുള്ള മാറ്റങ്ങൾ പരിശോധിക്കാമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനൊപ്പം ചർച്ചയിൽ പങ്കെടുത്ത ഒഡീഷ ആരോഗ്യമന്ത്രി നാബാ കിഷോര്‍ ദാസ് പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മാത്രം ഇളവ് നൽകിക്കൊണ്ട് ലോക്ക് ഡൗൺ മെയ് മൂന്നിന് ശേഷവും തുടരണമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്. ഇതുപോലെ മറ്റ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അതിർത്തികൾ അടച്ചുപൂട്ടി നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ഇതിനായി ഉടൻ തന്നെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും ഗോവ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് ബാധിത പ്രദേശങ്ങളെ ഒഴിവാക്കി ലോക്ക് ഡൗൺ നീട്ടിവക്കണമെന്നാണ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും അഭിപ്രായപ്പെട്ടത്. ഗ്രീൻ സോണുകൾ, രോഗബാധയില്ലാത്ത ജില്ലകൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകി മറ്റു പ്രദേശങ്ങളിൽ പൂർണ നിയന്ത്രണം കൊണ്ടുവരണമെന്ന് അദ്ദേഹം ചർച്ചയിൽ പറഞ്ഞു.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ അവസാനിക്കാൻ ഒരാഴ്‌ച ശേഷിക്കെയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും വീഡിയോ കോൺഫെറൻസിലൂടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയത്. ഇതിനുമുമ്പ് രണ്ട് തവണ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നരേന്ദ്ര മോദി ചർച്ച നടത്തിയിരുന്നു.