ന്യൂ ഡല്‍ഹി : രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ വാഹന നിയന്ത്രണ പദ്ധതിയായ ഒറ്റ ഇരട്ട സംവിധാനത്തിനെതിരെ സുപ്രീംകോടതി. വാഹനങ്ങള്‍ നിയന്ത്രിച്ചാല്‍ വായുമലിനീകരണത്തില്‍ വലിയ കുറവൊന്നും ഉണ്ടാകില്ലെന്നും, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മലിനീകരണത്തിന്‍റെ അളവില്‍ കുറവ് വരാത്തത് പദ്ധതി പരാജയമാണെന്നതിന്‍റെ തെളിവാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
എന്നാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്‌തമായാല്‍ പദ്ധതി ഫലവത്താകുമെന്ന് ഡല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് മുകുള്‍ റോത്തഗി വാദിച്ചു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മലിനീകരണം നിയന്ത്രിക്കാന്‍ കഴിയുമെന്ന് റോത്തഗി കോടതിയില്‍ ധരിപ്പിച്ചു.
ഡല്‍ഹിയിലെ വായുമലിനീകരണം ഉയരുന്ന പശ്ചാത്തലത്തില്‍, നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ഒറ്റ - ഇരട്ട സംവിധാനം നിയമമാക്കി നടപ്പിലാക്കുന്നത്. ഇത് പ്രകാരം ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും, ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്കും ഒരേ ദിവസം നിരത്തിലിറങ്ങാനാകില്ല.