ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിച്ചു. തിങ്കളാഴ്‌ച മാത്രം പരിശോധിച്ചത് 5,28,000 സാമ്പിളുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. ഈ നേട്ടത്തിന് പിന്നില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പ്രവര്‍ത്തനമാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രതിദിനം പത്ത് ലക്ഷം പരിശോധനകള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്കിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2.28 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇതുവരെ 9,17,567 പേര്‍ക്ക് രോഗം ഭേദമായി. പ്രതിദിനം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. തുടര്‍ച്ചയായ നാലാം ദിവസമാണ് മുപ്പതിനായിരത്തിലധികം പേര്‍ക്ക് രോഗം ഭേദമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,991 പേര്‍ക്ക് രോഗം ഭേദമായി.