മുംബൈ: കൊവിഡ് ബാധിതരുടെയും മരണങ്ങളുടെയും എണ്ണത്തിൽ മുംബൈ ചൈനയെ മറികടന്നു. മുംബൈയിൽ 4,938 കൊവിഡ് മരണങ്ങളും 85,724 കൊവിഡ് കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്. ചൈനയിൽ 4,634 മരണങ്ങളും 83,565 കേസുകളും മാത്രം റിപ്പോർട്ട് ചെയ്‌തു. ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ചൈന 22-ാം സ്ഥാനത്താണ്.
ധാരാവിയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന കേസുകളേക്കാൾ കുറവാണ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ. സംസ്ഥാന സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചിട്ടും ധാരാവി ഇപ്പോഴും അപകടമേഖലയിൽ തുടരുകയാണ്. ഈ മാസം ഒന്നുമുതൽ മുംബൈയിൽ ദിനംപ്രതി 1,100 ലധികം കേസുകൾ സ്ഥിരീകരിക്കുന്നു. 211,987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജർമനി (198,064), ദക്ഷിണാഫ്രിക്ക (205,721), തുർക്കി (205,758) എന്നീ രാജ്യങ്ങളെയും മഹാരാഷ്‌ട്ര മറികടന്നു. ആഗോളതലത്തിൽ ജർമനി 16-ാം സ്ഥാനത്തും, ദക്ഷിണാഫ്രിക്ക 15-ാം സ്ഥാനത്തും, തുർക്കി 14-ാം സ്ഥാനത്തുമാണ്. കഴിഞ്ഞ മാസം, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെയും മഹാരാഷ്‌ട്ര മറികടന്നു. മാത്രമല്ല യുകെയെക്കാൾ കൂടുതൽ ദൈനംദിന കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.
മഹാരാഷ്‌ട്രയിൽ 9,026 മരണങ്ങളും 211,987 കൊവിഡ് കേസുകളും സ്ഥിരീകരിച്ചു. 87,681 പേരാണ് ചികിത്സയിൽ തുടരുന്നത്. മരണനിരക്ക് 4.26 ശതമാനവും രോഗമുക്തി നേടുന്നവരുടെ നിരക്ക് 54.37 ശതമാനവുമാണ്. മഹാരാഷ്‌ട്രയിലെ ഭാന്ദ്ര, ചന്ദ്രപൂർ എന്നീ ജില്ലകളിൽ മാത്രമാണ് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത്. ഭാന്ദ്രയിൽ 78 പേർക്കും, ചന്ദ്രപൂരിൽ 69 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗഡ്‌ചിരോലി, ഹിംഗോളി, വർദ എന്നിവിടങ്ങളിൽ നിന്നും ഇതുവരെ ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്.