ബെംഗളൂരു: മയക്കുമരുന്ന് ഇടപാട് കേസിൽ കഴിഞ്ഞ ഏഴുവർഷമായി ഒളിവിലായിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ കന്നട സിനിമാ പ്രവർത്തകരുടെ ഇടയിലും മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിടി എന്നറിയപ്പെടുന്ന നൈജീരിയൻ പൗരനായ ഇയാൾ ബിസിനസ് പാസ്പോർട്ടിലാണ് ബെംഗളൂരുവിലെത്തിയത്. വിസ കാലാവധി കഴിഞ്ഞിട്ടും ഇയാൾ അനധികൃതമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു. വിടി നഗരത്തിൽ വലിയ മയക്കുമരുന്ന് ശൃംഖലതന്നെ നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്നും ഇയാളുടെ ഇടപാടുകാരിൽ രാഷ്ട്രീയക്കാരുടെ മക്കൾ, ചലച്ചിത്ര നടിമാർ, എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിസിനസ്സ് വിദ്യാർഥികൾ എന്നിവരും ഉൾപ്പെടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിനുപുറമെ ഇയാൾക്ക് തെലുങ്ക് നടിമാരായ രാഗിണിക്കും സഞ്ചനക്കും മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്ന ലൂം പെപ്പർ, പ്രതീക് ഷെട്ടി എന്നിവരുമായും ബന്ധമുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു. നിലവിൽ ബെംഗളൂരു പൊലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാൾ.
കന്നട സിനിമയിലെ മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ വിവേക് ഒബറോയിയുടെ ഭാര്യ പ്രിയങ്ക അൽവയ്ക്ക് ഒക്ടോബർ 16 ന് ആദ്യ നോട്ടീസും ഒക്ടോബർ 17 ന് രണ്ടാം നോട്ടീസും പൊലീസ് നൽകിയിരുന്നു. കന്നഡ നടി രാഗിണി ദ്വിവേദിയെയും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അതുപോലെ കന്നഡ ചലച്ചിത്ര നിർമ്മാതാവ് ഇന്ദ്രജിത് ലങ്കേഷ് സിസിബിക്ക് മുന്നിൽ ഹാജരായി കന്നഡ ചലച്ചിത്രമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയതും ശ്രദ്ധേയമാണ്.