ജയ്പൂർ: രാജസ്ഥാനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗങ്ങളിൽ പങ്കെടുക്കാത്ത സച്ചിൻ പൈലറ്റിനും മറ്റ് 18 പാർട്ടി അംഗങ്ങൾക്കും നോട്ടീസ് നൽകിയതായി സംസ്ഥാനത്തെ കോൺഗ്രസ് ചുമതലയുള്ള അവിനാശ് പാണ്ഡെ. രണ്ട് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ അവർ സി.എൽ.പിയിൽ നിന്ന് അംഗത്വം പിൻവലിച്ചതായി പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 13,14 തീയ്യതികളിൽ നടന്ന രണ്ട് സിഎൽപി യോഗങ്ങളിലും സച്ചിൻ പൈലറ്റ് പങ്കെടുത്തിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച പൈലറ്റിനെ രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി എന്നീ സ്ഥാനങ്ങളിൽ നിന്ന് പാർട്ടി പുറത്താക്കി. പൈലറ്റിനെ പാർട്ടിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് 102 എംഎൽഎമാരാണ് ഏകകണ്ഠമായി ആവശ്യപ്പെട്ടത്. സി.എൽ.പി യോഗത്തിലായിരുന്നു അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം. രാജസ്ഥാനിലെ ജയ്പൂരിലെ ഫെയർമോണ്ട് ഹോട്ടലിലാണ് യോഗം ചേർന്നത്.