ചണ്ഡിഗഡ്: നിലവിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾ റദ്ദാക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ക്യാപ്റ്റന്‍ അമരീന്ദർ സിംഗിന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ വ്യക്തമാക്കി. വ്യാഴാഴ്‌ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർഷകരുടെ ഉൽപന്നങ്ങൾക്ക് വളരെ കുറഞ്ഞ വില ലഭിക്കുന്ന ഈ അവസരത്തിൽ കേന്ദ്രം മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) നൽകണമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
പ്രതിഷേധത്തിനിടെ മരണമടഞ്ഞ കർഷകരെ അനുസ്മരിച്ച് മന്ത്രിസഭ രണ്ട് മിനിറ്റ് നിശബ്ദത പാലിച്ചു. ഇതുവരെ 78 കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ കർഷകരുടെ ആശങ്കകൾ സുപ്രീം കോടതി പോലും അംഗീകരിച്ചിട്ടുണ്ടെന്നും അവരുടെ വേദന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി. കേന്ദ്രം കർഷകരുടെ യഥാർത്ഥ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും കാർഷിക നിയമങ്ങൾ റദ്ദാക്കുകയും എംഎസ്‌പിയെ നിയമപരമായ അവകാശമാക്കുകയും ചെയ്യണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി.