ലക്നൗ: 25 സ്കൂളുകളിൽ ഒരേസമയം ജോലി ചെയ്‌ത അധ്യാപിക 13 മാസത്തിനുള്ളിൽ ഒരു കോടി രൂപ ശമ്പളം കൈപ്പറ്റിയെന്ന വാർത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച് ഉത്തർപ്രദേശ് സർക്കാർ. സംഭവം സ്ഥിരീകരിക്കുന്ന തരത്തിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
'മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് അടിസ്ഥാന വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. 'ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. കുറ്റാരോപിതയായ അധ്യാപിക ഒളിവിലാണ്', ഡയറക്ടർ ജനറൽ വിജയ് കിരൺ ആനന്ദ് പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും ആരോപണങ്ങൾ ശരിയാണെങ്കിൽ എഫ്‌ഐആർ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മെയിൻപുരി സ്വദേശിയായ അധ്യാപികക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 25 ഓളം സ്കൂളുകളിൽ സയൻസ് ടീച്ചറായി ഇവർ ജോലി ചെയ്ത് വരികയാണെന്നാണ് റിപ്പോർട്ടുകൾ. 30,000 രൂപയാണ് ഇവരുടെ യഥാർഥ ശമ്പളം.