കൊൽക്കത്ത: എം.പിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധം അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കാർഷിക വിരുദ്ധ ബില്ലുകളും തൊഴിലാളി വിരുദ്ധ ബില്ലുകളും പാസാക്കുന്നതിനാണ് എം.പിമാരെ സസ്പെൻഡ് ചെയ്‌തതെന്ന് മമതാ ബാനർജി പറഞ്ഞു. കാർഷിക ബില്ല് വളരെ അപകടകരമാണെന്നും കൃഷിയെക്കുറിച്ച് ഒന്നും അറിയാത്തവർ കർഷകരെ മനസിലാക്കുന്നില്ലെന്നും മമതാ ബാനർജി പറഞ്ഞു. ഭരണഘടനയെയും പ്രതിപക്ഷത്തെയും ബി.ജെ.പി സർക്കാർ അടിച്ചമർത്തുന്നുവെന്നും മമത ആരോപിച്ചു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോരാടിയ എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തത് നിര്‍ഭാഗ്യകരമാണെന്നും ജനാധിപത്യ മൂല്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും മമതാ ബാനർജി പറഞ്ഞു.
കാർഷിക പരിഷ്‌കരണ ബില്ലുകളെക്കുറിച്ചുള്ള ചർച്ചക്കിടെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ അംഗങ്ങളെ രാജ്യസഭയിൽ നിന്ന് ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്‌ത സാഹചര്യത്തിലാണ് പ്രതികരണം. ഡെറക് ഒബ്രയൻ, കെ കെ രാഗേഷ്, ഡോല സെൻ, സയ്യിദ് നസീർ ഹുസൈൻ, സഞ്ജയ് സിംഗ്, രാജീവ് സത്തവ്, റിപ്പുൻ ബോറ, എളമരം കരീം എന്നിവരാണ് സസ്പെൻഷനിലായ എട്ട് അംഗങ്ങൾ.