ഡിസ്പൂർ: കൊവിഡ് ബാധിച്ച് മരിച്ച 16 വയസുകാരിയുടെ ചികിത്സയിൽ ഡോക്ടർമാർ തെറ്റ് ചെയ്തതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിലെ ഇഎസ്ഐസി ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടിയുട സാമ്പിളുകൾ പരിശോധനക്ക് അയച്ചില്ലെന്നത് വലിയ തെറ്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരണ ശേഷമാണ് പെൺകുട്ടിയുടെ സാമ്പിളുകൾ പരിശോധിച്ചത്. പരിശാധനാ ഫലത്തിൽ കുട്ടി കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമായി.
പനിയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നിട്ടും കുട്ടിയുടെ സാമ്പിളുകൾ പരിശോധിച്ചില്ല എന്നത് വലിയ തെറ്റാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി താൽക്കാലികമായി അടച്ചിരുന്നു. ആശുപത്രി ജീവനക്കാരിൽ നിന്നും ശേഖരിച്ച 529 സാമ്പിളുകളിൽ 357 ഫലങ്ങളും നെഗറ്റീവും ഒരാളുടെ ഫലം പോസിറ്റീവും ആയിരുന്നു. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.