പാട്ന: ബീഹാറിലെ കൈമൂർ ജില്ലയിലെ പ്രൈമറി ഗവൺമെന്‍റ് സ്‌കൂളില്‍ കഴിഞ്ഞ മൂന്ന് വർഷമായി പുതിയ പ്രവേശനമൊന്നും നടന്നിട്ടില്ല. കുട്ടികളെ സ്വകാര്യ സ്കൂളിലേക്ക് അയക്കാന്‍ മാതാപിതാക്കള്‍ ഇഷ്ടപെടുന്നതാണ് ഗവണ്‍മെന്‍റ് സ്കൂളിലേക്ക് കുട്ടികള്‍ എത്താത്തതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. നാലും അഞ്ചും ക്ലാസുകളിലുള്ള പത്ത് കുട്ടികള്‍ മാത്രമാണ് നിലവില്‍ ഇവിടെ പഠിക്കുന്നത്.
പത്ത് കുട്ടികളില്‍ മൂന്നോ നാലോ കുട്ടികള്‍ മാത്രമാണ് സ്ഥിരമായി സ്കൂളില്‍ എത്തുന്നതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അരവിന്ദ് മഞ്ജി പറഞ്ഞു. പ്രിൻസിപ്പലിനെ കൂടാതെ ഒരു അധ്യാപകന്‍ മാത്രമാണ് ഇവിടെയുള്ളത്. വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും വിദ്യാർഥികളുടെയും സ്കൂളിന്‍റെയും പുരോഗതിക്കായി നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സൂര്യനാരായണ അറിയിച്ചു.