ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടത്തും മൂടല്‍ മഞ്ഞ് ശക്തമായി. രണ്ട് ഡസനിലധികം ട്രെയിനുകള്‍ കാലതാമസം നേരിട്ടു. ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുന്നെന്നും ഇതിനെക്കുറിച്ച് ഇന്ത്യന്‍ റെയില്‍വേ അറിയിപ്പ് നല്‍കുന്നില്ലെന്നും യാത്രക്കാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
എന്നാല്‍ നോര്‍തേണ്‍ റെയില്‍വേ ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചു. മൂടല്‍ മഞ്ഞ് ട്രെയിനുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും വിവിധ മാര്‍ഗങ്ങളിലൂടെ ട്രെയിനുകള്‍ പുനക്രമീകരിക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും നോര്‍തേണ്‍ റെയില്‍വേ ചീഫ് പിആര്‍ഒ ദീപക് കുമാര്‍ പറഞ്ഞു. റെയില്‍വേ യാത്രക്കാര്‍ റിസര്‍വേഷന്‍ സമയത്ത് ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കാതിരിക്കുന്നതിനാലാകാം ട്രെയിനുകള്‍ പുനക്രമീകരിക്കുന്നത് സംബന്ധിച്ച സന്ദേശം ലഭിക്കാതിരിക്കുന്നതെന്നും ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വങ്ങള്‍ നന്നായി നിര്‍വ്വഹിക്കുന്നുണ്ടെന്നും ദീപക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന മഹാബോധി, ഹൗവ്‌റ ദുരന്തോ, കാണ്‍പൂര്‍ ശതാബ്ദി, പൂര്‍വ്വ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ പുനക്രമീകരിച്ചു.