നോയിഡ: അയോധ്യ വിധിക്ക് പിന്നാലെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ട് പേരെ നോയിഡ പൊലീസ് കരുതല്‍ തടങ്കലിലാക്കി. വിധിക്ക് പിന്നാലെ സമൂഹത്തില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നെന്ന് പൊലീസിന് സന്ദേശം ലഭിച്ചിരുന്നു. ഇത് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ഒരാളെ കസ്റ്റഡിയിലെടുത്തതെന്ന് ഗൗതം ബുദ്ധനഗര്‍ എസ്.പി വൈഭവ് കൃഷ്ണ പറഞ്ഞു.
പിടിയിലായ രണ്ടാമന്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാവാണ്. ഇയാള്‍ നേരത്തേ സാമുദായിക ഐക്യം തകര്‍ക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ജില്ലാ പൊലീസ് അറിയിച്ചിരുന്നു.