ലക്‌നൗ: ജനങ്ങളില്‍ നിന്ന് നേരിട്ട് നിർദേശങ്ങൾ ക്ഷണിക്കാനായി പുതിയ മാര്‍ഗം സ്വീകരിച്ച് നോയിഡ പൊലീസ്. ജനങ്ങൾക്ക് ഏത് സമയവും ബന്ധപ്പെടാവുന്ന പുതിയ വാട്‌സ്ആപ്പ് നമ്പര്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് പൊലീസ് അധികൃതര്‍. തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് നോയിഡ പൊലീസ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. 8800845816 എന്ന വാട്‌സ്‌ആപ്പ് നമ്പറിലേക്ക് ജനങ്ങൾക്ക് ഏത് സമയം സന്ദേശം അയക്കാവുന്നതാണ്. വ്യാഴാഴ്‌ച മുതലാണ് നോയിഡ പൊലീസ് പുതിയ സേവനം ആരംഭിച്ചത്.
പട്രോളിങ് മെച്ചപ്പെടുത്തേണ്ട സ്ഥലങ്ങളെ കുറിച്ചും ട്രാഫിക് പ്രശ്‌നങ്ങളുള്ള സ്ഥലങ്ങളക്കുറിച്ചുമൊക്കെ പൊലീസിനെ അറിയിക്കാൻ ഈ ഹെൽപ്പ്ലൈൻ നമ്പര്‍ ഉപയോഗിക്കാം. ജനങ്ങളുടെ അഭിപ്രായം പൊലീസിനെ അറിയിക്കാനും ഈ സേവനം ഉപകരിക്കും. ഈ നമ്പറിൽ അയച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും എസ്എംഎസുകളും നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം അടിയന്തര സാഹചര്യങ്ങളിൽ പൊലീസിന്‍റെ സഹായം തേടുന്നതിന് 112 എന്ന നമ്പർ തന്നെ തുടര്‍ന്നും ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു.