ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ മുൻനിർത്തി നരേന്ദ്ര മോദിയുടെ ഇന്ത്യയെ ആരും ഭീഷണിപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. മോദിയുടെ ഇന്ത്യയെ തുറിച്ച് നോക്കാൻ പോലും ആർക്കും ധൈര്യമില്ലെന്ന് ബുധനാഴ്ച വാർത്താസമ്മേളനത്തിൽ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യ-ചൈന തർക്കത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ മടിച്ച കേന്ദ്രമന്ത്രി കോൺഗ്രസിനെതിരെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
ലഡാക്കിലെയും സിക്കിമിലെയും അതിർത്തിയിലെ നിലപാട്, നേപ്പാളുമായുള്ള ബന്ധം എന്നിവയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്‍റെ വടക്കൻ തീരത്ത് ഇന്ത്യൻ, ചൈനീസ് കരസേന ഉദ്യോഗസ്ഥർ പരസ്പരം ഏറ്റുമുട്ടിയതായാണ് റിപ്പോർട്ടുകൾ. നാല് ദിവസത്തിന് ശേഷം സിക്കിമിലെ നക്കു ലാ പാസിന് സമീപം ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ചകളും നടത്തിയിരുന്നു.