ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ടിൽ നിന്നും പുറപ്പെട്ട് കാണാതായ വ്യോമസേനയുടെ എ എൻ 32 വിമാനത്തിനായി തെരച്ചില്‍ ഊര്‍ജിതം. രാത്രി വൈകിയും കരസേനയും വ്യോമസേനയും സംയുക്തമായി തെരച്ചിൽ തുടർന്നു. ഇതിനിടെ വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ വ്യോമസേന അധികൃതര്‍ നിഷേധിച്ചു. വിമാനം തകർന്നു വീഴാൻ സാധ്യതയുള്ള സ്ഥലങ്ങൾ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയില്ലെന്ന് സേന അറിയിച്ചു. സുഖോയ് 30 പോര്‍ വിമാനങ്ങളും സി 130 പോര്‍ വിമാനങ്ങളും ഉള്‍പ്പെടെ തെരച്ചിലില്‍ സജീവമായി രംഗത്തുണ്ട്. ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് വ്യോമസേന ഉന്നത ഉദ്യോഗസ്ഥരോട് സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്നലെ ഉച്ചക്ക് ജോര്‍ഹട്ട് മേചുക എയര്‍ഫീല്‍ഡിലേക്ക് പോയ വിമാനത്തില്‍ എട്ട് വ്യോമസേന ഉദ്യോഗസ്ഥരും അഞ്ച് യാത്രക്കാരും അടക്കം 13 പേരാണ് ഉണ്ടായിരുന്നത്. 12.25ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് ഒരു മണിയോടെ നിയന്ത്രണ സംവിധാനത്തിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഒരു മണിയോടെ അവസാന സന്ദേശമെത്തിയപ്പോള്‍ വിമാനം അസമിനും അരുണാചല്‍ പ്രദേശിനും ഇടയിലായിരുന്നു.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി റഷ്യന്‍ നിര്‍മിത എഎന്‍ 32 വിമാനം വ്യോമസേനക്കൊപ്പമുണ്ട്. 2016 ല്‍ ചെന്നൈയില്‍ നിന്നും ആന്‍ഡമാനിലേക്ക് പോയ മറ്റൊരു എഎന്‍ 32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു.