ബെംഗളൂരു: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാനുള്ള നിർദേശമില്ലെന്നും ബഹിരാകാശ പരിഷ്കാരങ്ങൾ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നില്ലെന്നും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ചെയർമാൻ കെ ശിവൻ. സ്വകാര്യകമ്പനികളെ പങ്കെടുപ്പിക്കാൻ അനുവദിക്കുന്ന ബഹിരാകാശ പരിഷ്കരണത്തിന്‍റ അർത്ഥം ഐഎസ്ആർഒ സ്വകാര്യവൽക്കരിക്കപ്പെടുന്നുവെന്നല്ല. ഐഎസ്ആർഒ ഇപ്പോൾ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അത് പോലെ തന്നെ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കൊവിഡ് -19 ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളെ ബാധിച്ചതായും കെ. ശിവൻ പറഞ്ഞു. വിക്ഷേപണത്തിനുള്ള ഉപകരണങ്ങൾ നിർമിക്കുന്നതിനായി ഐഎസ്ആർഒ സ്വകാര്യ മേഖലയെ ആശ്രയിച്ചിരിക്കുന്നു. ഐഎസ്ആർഒയ്ക്ക് ഉപകരണങ്ങൾ നൽകുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്‌എംഇ) ലോക്ക്ഡൗൺ മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതും അദ്ദേഹം അറിയിച്ചു.
ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കാനുള്ള നിർദേശമൊന്നുമില്ല. ബഹിരാകാശ പരിഷ്കാരങ്ങൾ സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തം എൻഡ്-ടു-എൻഡ് ബഹിരാകാശ പ്രവർത്തനങ്ങളിൽ അനുവദിക്കുകയാണ്. ഐഎസ്ആർഒ സാങ്കേതിക വികസനം ഉൾപ്പെടെയുള്ള പുതിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സാങ്കേതിക സെക്രട്ടറി ഉമമഹേശ്വരൻ പറഞ്ഞു. സ്വകാര്യ സംരംഭങ്ങൾക്കായി ബഹിരാകാശ മേഖല തുറക്കുന്നത് ബഹിരാകാശ സാങ്കേതികവിദ്യയിൽ നിന്നുള്ള നേട്ടങ്ങൾ വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.