ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനിയൊരു ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് കേസുകള്‍ ഡല്‍ഹിയില്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗണിന് സാധ്യതകളുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഡല്‍ഹിയിലെ കൊവിഡ്-19 സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് ശേഷമാണ് ലോക്ക് ഡൗണ്‍ ഇനി നടപ്പാക്കില്ലെന്ന് അറിയിച്ച് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തത്.
അമിത് ഷാ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സഞ്ജയ് സിങ് പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളില്ലെന്ന പരാതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ്, ബിജെപി, ആംആദ്മി പാര്‍ട്ടി മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ അമിത് ഷാ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.