ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്‍റെ ഡല്‍ഹി സ്കൂള്‍ സന്ദര്‍ശനത്തില്‍ നിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒഴിവാക്കിയതില്‍ വിശദീകരണവുമായി ബിജെപി. ഇത്തരം വിഷയങ്ങളില്‍ അനാവശ്യമായി രാഷ്‌ട്രീയം കലര്‍ത്തരുതെന്ന് ബിജെപി വക്താവ് സാമ്പിത് പത്ര പറഞ്ഞു. "കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എല്ലാ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് ഇതില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ട കാര്യമില്ല" - സാമ്പിത് പത്ര പറഞ്ഞു. പട്ടികയില്‍ നിന്ന് കെജ്‌രിവാളിനെയും മനീഷ് സിസോദിയയും ഒഴിവാക്കിയത് സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ സന്ദര്‍ശനത്തിനിടെ തലസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് 25ന് മെലാനിയ ട്രംപ് എത്തുന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലാണ് 'ഹാപ്പിനെസ് ക്ലാസ്' സന്ദര്‍ശിക്കാന്‍ മെലാനിയ ട്രംപ് എത്തുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടി രണ്ട് വര്‍ഷം മുമ്പ് മനീഷ് സിസോദിയയാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഹാപ്പിനെസ് കരിക്കുലത്തിന് തുടക്കം കുറിച്ചത്. 40 മിനിറ്റ് യോഗയും ക്ലാസ് മുറിക്ക് പുറത്തുള്ള ചില പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നതാണ് പദ്ധതി. പരിപാടിയില്‍ നിന്ന് ഡല്‍ഹി മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും പേര് നീക്കം ചെയ്തത് കേന്ദ്രത്തിന്‍റെ രാഷ്‌ട്രീയമാണെന്നാരോപിച്ച് ആം ആദ്‌മി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.