ഭുവനേശ്വർ: കൊവിഡ് വൈറസ് പകരുമെന്ന ഭയത്താല്‍ ഒഡീഷയിലെ ചില കൊവിഡ് ഇതര ആശുപത്രികളിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ചികിത്സ ആവശ്യമായ എല്ലാവര്‍ക്കും സേവനങ്ങൾ ലഭ്യമാക്കാൻ ഉത്തരവിറക്കി ഒഡീഷ സര്‍ക്കാര്‍.
കൊവിഡ് ഭയത്താല്‍ അടിയന്തര നടപടിക്രമങ്ങൾ വൈകിപ്പിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യരുതെന്നും എല്ലാ രോഗികൾക്കും ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
കട്ടക്കിലെ ആചാര്യ ഹരിഹാർ റീജിയണൽ കാൻസർ സെന്‍റർ, ഭുവനേശ്വറിലെ എസ്‌സിബി മെഡിക്കൽ കോളജ് തുടങ്ങിയ കൊവിഡ് ഇതര ആശുപത്രികളിൽ നൂറിലധികം കൊവിഡ് കേസുകൾ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശ്വസന പ്രശ്‌നങ്ങളുള്ള രോഗികൾക്കും കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് വരുന്നവര്‍ക്കും പ്രത്യേക ഐസൊലേഷൻ സംവിധാനം ഒരുക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റുകൾ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.