ന്യൂഡൽഹി: പാര്‍ട്ടി ഭിന്നത മാറ്റിനിർത്തി കൊവിഡിനെതിരായി ഒന്നിച്ച് പോരാടാന്‍ തയ്യാറായി ഭരണകക്ഷിയായ ആംആദ്മി പാർട്ടിയും പ്രതിപക്ഷമായ ബിജെപിയും. ദേശീയ തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നത്തിന്‍റെ പശ്ചാത്തലത്തിലാണ് നിലപാട്. ജൂൺ 20 മുതൽ തലസ്ഥാനത്ത് പ്രതിദിനം 18,000 പോസിറ്റീവ് കേസുകൾ വരെ റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയും ഭരണകൂടവും പ്രതിപക്ഷവും മുന്നിൽ കാണുന്നു.
ഡൽഹിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഡൽഹി ബിജെപി പ്രസിഡന്‍റ് ആദേഷ് ഗുപ്ത, ആംആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് എന്നിവർ ചേർന്നാണ് ജൂൺ 20 മുതലുള്ള അവസ്ഥയെക്കുറിച്ച് അറിയിച്ചത്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രീയം മാറ്റിനിർത്തണമെന്ന് യോഗത്തിൽ തീരുമാനിച്ചതായും സഞ്ജയ് സിംഗ് പറഞ്ഞു. രോഗികൾക്കായി ആശുപത്രി കിടക്കകളുടെ എണ്ണം കൂട്ടുന്നതും യോഗത്തിൽ ചർച്ചയായി.
കൂടുതൽ വ്യാപകമായി കൊവിഡ് പരിശോധന നടത്തണമെന്നും മാരകമായ വൈറസിനെതിരായ പോരാട്ടത്തിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെ വിന്യസിക്കണമെന്നും ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് അനിൽ കുമാർ ആവശ്യപ്പെട്ടു.