കൊൽക്കത്ത: പശ്ചിമ ബംഗാളിലുടനീളമുള്ള പെട്രോൾ പമ്പുകളിൽ മാസ്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് ഇന്ധനം വിൽക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി ഡീലേഴ്‌സ് അസോസിയേഷൻ അധികൃതർ.
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മാസ്ക് ധരിക്കാത്ത ഡ്രൈവർമാർക്കും ബൈക്ക് ഉടമകൾക്കും പെട്രോളോ ഡീസലോ വിൽക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പശ്ചിമ ബംഗാൾ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. കോലി അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് തീരുമാനം എടുത്തത്, അതിനുശേഷം നിയമം പ്രാബല്യത്തിൽ വന്നതായും പമ്പുകളിൽ മാസ്ക് ഇല്ലെങ്കിൽ എണ്ണ ഇല്ല ("no mask, no oil") എന്ന് വ്യക്തമാക്കുന്ന പ്ലക്കാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പലരും മാസ്കുകളില്ലാതെ പമ്പുകളിലേക്ക് വരുന്നുണ്ടെന്നും പക്ഷേ തീരുമാനത്തെക്കുറിച്ച് പറയുമ്പോൾ അവർ പോക്കറ്റിൽ നിന്ന് മാസ്കുകൾ പുറത്തെടുത്ത ധരിക്കാറുണ്ടെന്നും കോലി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്നും ഇതുവരെയുള്ള പ്രതികരണം തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക് ഡൗൺ തീരുന്നതുവരെയോ കൊവിഡ് 19 ശമിക്കുന്നതുവരെ നടപ്പാക്കിയ തീരുമാനം തുടരുമെന്ന് കോലി പറഞ്ഞു. ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ അംഗങ്ങളായ അസോസിയേഷന് സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തോളം റീട്ടെയിൽ ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. പെട്രോളിയം ഡീലർമാരുടെ അസോസിയേഷന്‍റെ നടപടി സ്വാഗതാർഹമാണെന്ന് ഐഒസി വക്താവ് പറഞ്ഞു.