ന്യൂഡൽഹി: വിദ്യാലയങ്ങളിൽ നിർബന്ധമായും ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്ന് കേന്ദ്രമന്ത്രി ജയശങ്കർ. എല്ലാ ഭാഷകളും ഇന്ത്യ ഗവൺമെന്‍റ് ബഹുമാനിക്കുന്നുണ്ടെന്നും പൊതുജനങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്‍റെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കാണമെന്ന ഡ്രാഫ്റ്റ് നാഷണൽ എഡ്യൂക്കേഷൻ പദ്ധതിയുടെ കരട് രേഖ മാത്രമാണ് തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പൊതുസമൂഹത്തിന്‍റെയും സർക്കാരുകളുടെയും അഭിപ്രായം തേടുമെന്നും ഏകപക്ഷീയമായി ഭാഷ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഐഎസ്ആർഒ തലവൻ കെ കസ്തൂരിരംഗൻ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ അവിടുത്തെ പ്രാദേശിക ഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ് നിർദ്ദേശം. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾ ഹിന്ദിയും ഇംഗ്ലീഷും ഒരു ആധുനിക ഇന്ത്യൻ ഭാഷയും പഠിക്കണം എന്നും നിർദ്ദേശിക്കുന്നുണ്ട്.
തമിഴ്നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുന്നെന്നാരോപിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, മക്കൾ നീതിമയ്യം നേതാവും നടനുമായ കമൽ ഹാസനും പ്രതികരിച്ചു. ദക്ഷിണേന്ത്യയിൽ രണ്ടാം ഭാഷയായി ഹിന്ദി പഠിക്കുന്നുണ്ടെന്നും എന്നാൽ ഉത്തരേന്ത്യയിൽ ആരും മലയാളമോ തമിഴോ പഠിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ശശി തരൂരും രംഗത്തെത്തിയിരുന്നു.