ന്യൂഡല്‍ഹി: കൊവിഡ് 19 വായുവിലൂടെ പകരുന്ന രോഗമാണെന്നതിന് തെളിവുകളില്ലെന്ന് ഐസിഎംആര്‍ ഗവേഷകൻ. കൊറോണ വൈറസിന് വായുവിലൂടെ പകരാന്‍ കഴിയുമെന്നതിന് ഇതുവരെ തെളിവുകളില്ല. അവകാശവാദങ്ങളുണ്ടാവാം എന്നാല്‍ എല്ലാം ക്ലിനിക്കല്‍ പഠനങ്ങളെയും റിസര്‍ച്ചിനെയും തെളിവുകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ഐസിഎംആറിലെ മുതിര്‍ന്ന ഗവേഷകനായ ഡോ ലോകേഷ് ശര്‍മ ഇടിവി ഭാരതിനോട് പറഞ്ഞു. 32 രാജ്യങ്ങളിലെ 239 ശാസ്‌ത്രഞ്ജന്മാര്‍ കൊവിഡ് വായുവിലൂടെ പകരുമെന്ന് അവകാശപ്പെട്ടിരുന്നു. കൊവിഡ് രോഗിയുടെ സ്രവ കണികകള്‍ വായുവിലൂടെ മറ്റുള്ളവരിലെത്തുമെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന പരിഷ്‌കരിക്കണമെന്നും സംഘം ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചുമ, തുമ്മല്‍, സംസാരം എന്നിവ വഴി പുറത്തെത്തുന്ന സ്രവം മറ്റുള്ളവരിലെത്തുന്നതോടെയാണ് രോഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒയും സിഡിസിയും നേരത്തെ ഒരുപോലെ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളില്‍ മെഡിക്കല്‍ പ്രൊസീജറുകള്‍ ചെയ്യുമ്പോള്‍ പുറത്തെത്തുന്ന സ്രവകണികകള്‍ വഴി വായുവിലൂടെ രോഗം പകര്‍ന്നേക്കാമെന്ന് ഡബ്ല്യൂഎച്ച്‌ഒ ജൂണ്‍ 29 ന് പുറത്തിറക്കിയ ഇടക്കാല മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
രോഗിയില്‍ നിന്നും വായുവിലെത്തുന്ന ചെറിയ കണികകള്‍ കൂടുതല്‍ നേരം വായുവില്‍ നില്‍ക്കാമെന്നും കൂടുതല്‍ ആളുകളെ ബാധിക്കുമെന്നും ശാസ്‌ത്രജ്ഞര്‍ അവകാശപ്പെടുന്നു. വായു സഞ്ചാരം കുറഞ്ഞ ഇടുങ്ങിയ മുറികള്‍, ബസുകള്‍, മറ്റ് ഇടുങ്ങിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സമയം നില്‍ക്കുന്ന വൈറസ് രോഗം പടരാന്‍ കാരണമാവുന്നുവെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു. തങ്ങളുടെ കണ്ടെത്തലുകള്‍ ആരോഗ്യ ജേര്‍ണലുകളില്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്.
രോഗിയുടെ ചുമ, തുമ്മല്‍ എന്നിവ വഴി പുറത്തെത്തുന്ന കണികകളിലൂടെയോ തുപ്പലിലൂടെയോ കൊറോണ വൈറസ് ആദ്യഘട്ടത്തില്‍ പകരുമെന്ന് ഐസിഎംആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസ് മാറികൊണ്ടേയിരിക്കുകയാണെന്നും പുതിയ അണുബാധയായതിനാല്‍ വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ വായുവിലൂടെ പകരുമോ ഇല്ലയോ എന്ന് ഉറപ്പിക്കാന്‍ പറ്റുള്ളുവെന്ന് ഐസിഎംആര്‍ ഗവേഷകന്‍ പറയുന്നു.