ന്യൂഡൽഹി: കുൽഭൂഷൻ ജാദവിന്‍റെ കേസിൽ ഇസ്ലാമാബാദ് കോടതി ഉത്തരവിനെ തുടർന്ന് ഇന്ത്യയുമായി ആശയവിനിമയം നടത്തിയെന്ന പാകിസ്ഥാന്‍റെ വാദം തള്ളി ഇന്ത്യ. വിഷയത്തിൽ പാകിസ്ഥാൻ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കുൽഭൂഷൺ യാദവിന്‍റെ അഭിഭാഷകനെ നിയമിക്കുന്ന വിഷയത്തിൽ ഇന്ത്യയുമായി ആശയവിനിമയം നടത്തിയെന്ന പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഈഷാ ഫാറൂഖിയുടെ പ്രസ്‌താവനക്ക് പ്രതികരണവുമായാണ് ഇന്ത്യ രംഗത്തെത്തിയത്.
പാകിസ്ഥാനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരനായ കുൽഭൂഷൺ യാദവിനെക്കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നിലപാട് അറിയിക്കാനുള്ള അവസരം അനുവദിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. ഐഎച്ച്‌സി ചീഫ് ജസ്റ്റിസ് അഥർ മിനല്ല, ജസ്റ്റിസ് മിയാൻഗുൾ ഹസ്സൻ ഔറംഗസേബ് എന്നിവരടങ്ങുന്ന രണ്ടംഗ പ്രത്യേക ബെഞ്ചാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. കേസിൽ വാദം കേൾക്കൽ സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.