ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാനുള്ള തീരുമാനം 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികരത്തിലേറി ഏതാനും മാസങ്ങള്‍ക്കകം തന്നെ എടുത്തിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ. ഒരു രാജ്യത്തിനും ഈ സാങ്കേതിക വിദ്യ വില്‍ക്കാനോ കൈമാറാനോ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നിര്‍മല സീതാരാമന്‍റെ വിശദീകരണം.
പ്രധാനമന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവര്‍ ഈ നേട്ടത്തിന്‍റെ പ്രാധാന്യം മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു. 'മിഷൻ ശക്തി' എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഉപഗ്രഹവേധ മിസൈല്‍ ലക്ഷ്യത്തിലെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്‍റെ സാങ്കേതികവിദ്യ ഒരു രാജ്യത്തുനിന്നും കടമെടുക്കാനോ വാങ്ങാനോ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഇത്തരം മിസൈല്‍ വികസിപ്പിക്കാനുള്ള ശേഷിയുണ്ടായിട്ടും മുന്‍ സര്‍ക്കാരുകള്‍ അതിന് അനുമതി നല്‍കിയിരുന്നില്ല. 2012-ല്‍ അഗ്നി-5 മിസൈല്‍ പരീക്ഷിച്ചപ്പോഴും ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാന്‍ യുപിഎ സർക്കാർ ഡിആര്‍ഡിഒയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും നിര്‍മല സീതാരാമന്‍ വെളിപ്പെടുത്തി.
ഇന്ത്യക്ക് ഇത്തരം മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി നേരത്തെ ഉണ്ടായിരുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ വാദം കേന്ദ്രമന്ത്രി അംഗീകരിച്ചു. ബഹിരാകാശരംഗത്ത് മുമ്പും ധാരാളം നേട്ടങ്ങള്‍ ഇന്ത്യ കൈവരിച്ചുണ്ടെന്നും അതൊന്നും നിഷേധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രധാമന്ത്രിയുടെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുന്നുണ്ട്.