ബെംഗളുരുവിലെ യെലഹങ്ക വ്യോമസേനാത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കത്തി നശിച്ച സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍. അമിതമായി ചൂടായ കാറിന്‍റെ സൈലന്‍സറില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ചതാകാം അപകട കാരണമെന്നാണ് വിശദീകരണം. 300ല്‍ അധികം കാറുകളാണ് അഗ്നിക്കിരയായത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അപകടം സ്ഥലം സന്ദര്‍ശിക്കവേയാണ് സംഭവത്തെ സംബന്ധിച്ച് അധികൃതര്‍ വെളിപ്പെടുത്തിയത്.
ഏതെങ്കിലും വാഹനത്തിന്റെ അമിതമായി ചൂടായ സൈലന്‍സറില്‍ നിന്ന് തീ ഉണ്ടാവുകയും ശക്തമായ കാറ്റ് മൂലം മറ്റു വാഹനങ്ങളിലേയ്ക്കു പടരുകയും ചെയ്തിരിക്കാമെന്നാണ് വിശദീകരണം. തീ പടര്‍ന്ന് ഏതാനും സമയത്തിനുള്ളില്‍ത്തന്നെ കെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ മന്ത്രിയോട് വിശദീകരിച്ചു.
കൂടുതല്‍ കാറുകളിലേയ്ക്ക് തീ പടരാതിരിക്കുന്നതിന് പ്രദേശത്ത് നിന്ന് കാറുകള്‍ നീക്കിയിരുന്നു. ഇത്തരത്തില്‍ ഭാഗികമായി കത്തിയ 77 കാറുകള്‍ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. കത്തി നശിച്ച കാറുകളുടെ ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്കായി പ്രത്യേക ഹെല്‍പ് ഡസ്‌കുകള്‍ തുടങ്ങിയതായും അധികൃതര്‍ മന്ത്രിയെ അറിയിച്ചു.
ശനിയാഴ്ചയാണ് എയ്‌റോ ഇന്ത്യ ഷോയുടെ വേദിക്കു സമീപം നിര്‍ത്തിയട്ട 300ഓളം കാറുകള്‍ കത്തിനശിച്ചത്. പരിപാടി കാണാനെത്തിയവരുടെ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്. തീ പടര്‍ന്നു പിടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.