ന്യൂഡല്‍ഹി: നിര്‍ഭയ വധക്കേസിലെ പ്രതി സമര്‍പ്പിച്ച ദയാഹര്‍ജി തള്ളണമെന്ന് ശുപാര്‍ശ ചെയ്ത ഡല്‍ഹി സര്‍ക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നിര്‍ഭയയുടെ അമ്മ. കേസിലെ പ്രതികള്‍ക്ക് രണ്ടുതവണ വധശിക്ഷ വിധിച്ചെങ്കിലും രണ്ടര വര്‍ഷമായി അത് നടപ്പാക്കിയിട്ടില്ല. പ്രതികളെ ഉടൻ തൂക്കിലേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു.
പ്രതികള്‍ അതിക്രൂരമായ കുറ്റകൃത്യമാണ് ചെയതതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി തള്ളിയത്. ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ ശുപാര്‍ശ അടങ്ങിയ ഫയല്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. 2012 ല്‍ നിര്‍ഭയ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ മുമ്പിലുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് ശക്തമായി ശുപാര്‍ശ ചെയ്യുന്നതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിലവില്‍ തിഹാര്‍ ജയിലിലാണ് വിനയ് ശര്‍മ. അതേസമയം മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാര്‍ എന്നിവര്‍ ദയാഹര്‍ജി നല്‍കാന്‍ തയ്യാറായിട്ടില്ല.