ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ തൂക്കിക്കൊല്ലൽ വൈകിപ്പിക്കുന്നതിനുള്ള മറ്റൊരു ഗൂഢാലോചനയുമായി പ്രതിയുടെ ഭാര്യ. അക്ഷയ് കുമാർ സിങ്ങിന്‍റെ ഭാര്യ പുനിത സിങ് ആണ് വിവാഹ മോചനം വേണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബിഹാറിലെ ഔറംഗബാദിലെ പ്രാദേശിക കോടതിയിലാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ഒരു വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭർത്താവിനെ മാർച്ച് 20 ന് തൂക്കിലേറ്റുന്നതിന് മുമ്പ് വിവാഹ മോചനം വേണമെന്നും പുനിത സിങ് പറഞ്ഞു.
സെക്ഷൻ 13 (2) (II) പ്രകാരം ബലാത്സംഗം, ലൈംഗിക പീഡനം അല്ലെങ്കിൽ മൃഗീയത എന്നിവയിൽ കുറ്റക്കാരനാണ് ഭർത്താവെങ്കില്‍ ഒരു സ്ത്രീക്ക് വിവാഹമോചനം തേടാമെന്ന് പുനിതയുടെ അഭിഭാഷകന്‍ മുകേഷ് കുമാര്‍ പറഞ്ഞു. നിർഭയ കേസ് പ്രതികളായ മുകേഷ് സിംഗ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവരെയാണ് തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. മാർച്ച് 20 ന് തൂക്കിലേറ്റും. ഇതിനകം രണ്ടുതവണ തൂക്കിക്കൊല്ലൽ വൈകിപ്പിക്കുന്നതിന് പ്രതികള്‍ ശ്രമം നടത്തിയിരുന്നു.