ഡല്‍ഹി: തൂക്കിലേറ്റാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ നിര്‍ഭയ കേസ് പ്രതി അക്ഷയ് താക്കൂര്‍ വീണ്ടും ദയാഹര്‍ജി നല്‍കി. വസ്‌തുതകളുടെ അഭാവം മൂലമാണ് നേരത്തേ സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രപതി തള്ളിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. ദയാഹര്‍ജി തള്ളിയാല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ.
നേരത്തേ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി മാര്‍ച്ച് ആറിന് മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വധശിക്ഷ ജിവപര്യന്തമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടാണ് പവന്‍ ഗുപ്ത കോടതിയെ സമീപിച്ചത്. വധശിക്ഷ നീട്ടാന്‍ പ്രതികള്‍ മനപൂര്‍വം ശ്രമിക്കുന്നുവെന്ന നിര്‍ഭയയുടെ കുടുംബത്തിന്‍റെ വാദം ശരിവയ്ക്കുന്നതാണ് പ്രതികളുടെ നീക്കം. 2012 ഡിസംബര്‍ 16നാണ് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഡല്‍ഹിയില്‍ ബസില്‍ വച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്. ക്രൂര ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സക്കിടെ ഡിസംബര്‍ 29നാണ് മരിച്ചത്.