ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികളുടെയും വധശിക്ഷ നീളുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. വിനയ് കുമാർ ശർമയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുന്നതെന്ന് ഡയറക്ടർ ജനറൽ (ജയിൽ) സന്ദീപ് ഗോയൽ പറഞ്ഞു.
അതേസമയം, പ്രതികളിലൊരാളായ അക്ഷയ് താക്കൂർ ശനിയാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുന്നിൽ ദയാഹര്‍ജി സമര്‍പ്പിച്ചു. നാല് പ്രതികളുടെയും വധശിക്ഷ ശനിയാഴ്ച നടക്കാനിരിക്കവെയാണ് ഡൽഹി പട്യാല ഹൗസ് കോടതി മരണ വാറന്‍റ് മാറ്റി വെച്ചത്. ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളിൽ രണ്ടുപേരുടെ അപേക്ഷയിൽ പട്യാല ഹൗസ് കോടതിയിൽ വെള്ളിയാഴ്ചയാണ് വാദം കേട്ടത്.