ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീഹാര്‍ ജയില്‍ ഡയറക്ടറേറ്റ് ഉത്തര്‍ പ്രദേശ് ജയില്‍ ഡയറക്ടറേറ്റിന് കത്തെഴുതി. യു.പിയിലുള്ള ആരാച്ചാര്‍ പവന്‍ ജല്ലാദിനെ തിഹാര്‍ ജയിലിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. 20 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കത്ത് എഴുതുന്നത്. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റുന്നതിനായി തിഹാര്‍ ജയിലില്‍ ഇദ്ദേഹത്തിന് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.
പവൻ ജല്ലാദ് ആരോഗ്യപരമായി മികച്ച നില്‍ക്കുന്നയാളാണ്. മാത്രമല്ല ഇയാള്‍ പാരമ്പര്യമായി ആരാച്ചാര്‍ കുടുംബത്തില്‍ പെട്ടയാളായതിനാല്‍ തെറ്റ് സംഭവിക്കാനള്ള സാധ്യത കുറവാണെന്നും തീഹാര്‍ ജയില്‍ നല്‍കിയ കത്തില്‍ പറയുന്നു. ജല്ലാദിന്‍റെ സുരക്ഷ യു.പി ജയില്‍ ഏറ്റെടുത്തില്ലെങ്കില്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നും തീഹാര്‍ ജയില്‍ സൂപ്രണ്ട് പറഞ്ഞു. മാത്രമല്ല യു.പി ജയിലിനെ അപേക്ഷിച്ച് തീഹാര്‍ ജയിലില്‍ എത്താന്‍ കൂടുതല്‍ എളുപ്പമാണെന്നും ജയില്‍ വകുപ്പ് അറിയിച്ചു. അതേസമയം ഡല്‍ഹി കോടതി നല്‍കിയ മരണവാറണ്ട് ജയില്‍ ഭരണകൂടം പ്രതികള്‍ക്ക് നല്‍കിയതായി തിഹാർ ജയിൽ ഡിജി സന്ദീപ് പറഞ്ഞു.