ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിലെ പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യത്തിൽ വധശിക്ഷ ശരിവെക്കുന്ന 2017 ലെ സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പുനരവലോകന ഹർജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ആർ. ബാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 9ന് മറ്റ് മൂന്ന് പ്രതികളായ മുകേഷ് (30), പവൻ ഗുപ്‌ത (23), വിനയ് ശർമ (24) എന്നിവർ സമർപ്പിച്ച അവലോകന ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
ഡിസംബർ 16 ന് ഓടുന്ന ബസിൽ 23കാരിയായ പാരാമെഡിക്കൽ വിദ്യാർഥിയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കുകയും പിന്നീട് ബസിൽ നിന്ന് തള്ളിയിടുകയും ചെയ്‌തു. 2012 ഡിസംബർ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വച്ച് നിർഭയ മരിച്ചു. കേസിലെ പ്രതികളിലൊരാളായ രാം സിംഗ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്‌തു. 18 വയസ് തികയാതിരുന്ന പ്രതികളിലൊരാളെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷിക്കുകയും മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞ് മോചിപ്പിക്കുകയും ചെയ്‌തിരുന്നു. കേസിൽ ഡൽഹി ഹൈക്കോടതിയും വിചാരണക്കോടതിയും നൽകിയ വധശിക്ഷ സുപ്രീംകോടതി 2017 ലെ വിധിന്യായത്തിൽ ശരിവച്ചിരുന്നു.