ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി പവൻകുമാർ ഗുപ്‌ത സുപ്രീം കോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌താണ് ഹർജി സമർപ്പിച്ചത്. കുറ്റകൃത്യം നടന്ന 2012 ഡിസംബർ 16ന് തനിക്ക് 18 വയസായില്ലെന്ന് അവകാശപ്പെട്ടാണ് പവൻ കോടതിയെ സമീപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് ഡല്‍ഹി ഹൈക്കോടതിയില്‍ പ്രതി ഹര്‍ജി നല്‍കിയിരുന്നു.
കുറ്റകൃത്യം നടന്ന 2012ല്‍ തനിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിക്കുറ്റവാളിയായി പരിഗണിച്ച് വിചാരണ ചെയ്യണമെന്നായിരുന്നു പവന്‍ ഗുപ്‌തയുടെ വാദം. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ ഈ വിധി ചോദ്യംചെയ്‌താണ് പവന്‍ ഗുപ്‌ത ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനുള്ള മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി വെള്ളിയാഴ്‌ച്ച പുറപ്പെടുവിച്ചു.