ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ സാമൂഹ്യഅകലം ഉറപ്പാക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമായി അഞ്ചാം ക്ലാസുകാരന്‍. സാമൂഹ്യ അകലം ലംഘിക്കുകയാണെങ്കില്‍ അലാറം ശബ്‌ദം വഴി ആളുകളെ ബോധവല്‍ക്കരിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഡല്‍ഹി സ്വദേശിയായ പത്തുവയസുകാരന്‍ ഹിതെയ്‌ന്‍. ശാലിമാര്‍ നഗര്‍ സ്വദേശിയാണ് ഈ അഞ്ചാം ക്ലാസുകാരന്‍. ഉപകരണത്തില്‍ അള്‍ട്രാസോണിക് സെന്‍സറുകളും എല്‍ഇഡി ബള്‍ബും ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് മീറ്റര്‍ പരിധി ലംഘിക്കുകയാണെങ്കില്‍ അലാറം ശബ്‌ദം ഉണ്ടാകുകയും ബള്‍ബ് പ്രകാശിക്കുകയും ചെയ്യുമെന്ന് ഹിതെയ്‌ന്‍ പറയുന്നു.
സാമൂഹ്യ അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ സാങ്കേതിക വിദ്യ ആവശ്യമാണെന്ന സ്‌കൂളിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ കണ്ട ആശയമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഹിതെയ്‌ന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കോഡിങ് വഴി ദൂരത്തിന്‍റെ കണക്ക് കൂട്ടാനും കുറക്കാനും കഴിയുമെന്നും വിദ്യാര്‍ഥി പറയുന്നു. അള്‍ട്രാസോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടിരുന്നതും പുതിയ ഉപകരണം വികസിപ്പിച്ചെടുക്കുന്നതില്‍ പ്രചോദനമായിരുന്നുവെന്ന് വിദ്യാര്‍ഥി ഹിതെയ്‌ന്‍ കൂട്ടിച്ചേര്‍ത്തു. മോഡേണ്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഹിതെയ്‌ന്‍. മാതാപിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും തന്നെ ഏറെ പിന്തുണച്ചിരുന്നുവെന്നും ഹിതെയ്‌ന്‍ പറഞ്ഞു. ശാസ്‌ത്ര വീഡിയോകള്‍ കാണാന്‍ ഇഷ്‌ടപ്പെടുന്ന ഈ അഞ്ചാം ക്ലാസുകാരന് ഭാവിയില്‍ ശാസ്‌ത്രജ്ഞനാകാണ് ഏറെയിഷ്‌ടം.