ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അവന്തിപോരയിൽ കൊല്ലപ്പെട്ട തീവ്രവാദി റിയാസ് നായിക്കിന്‍റെ അടുത്ത സഹായിയായിരുന്ന ട്രക്ക് ഡ്രൈവറുടെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി വ്യാഴാഴ്ച റെയ്ഡ് നടത്തി. ട്രക്ക് ഡ്രൈവറായ ഹിലാല്‍ അഹമ്മദ് വാഗെയുടെ വീട്ടിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഈ വർഷം ഏപ്രിൽ 25ന് 29 ലക്ഷം രൂപയുടെ പണവുമായി പഞ്ചാബ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ ചീഫ് ഓപ്പറേഷൻ കമാൻഡറായ നായിക്കിന് കൈമാറുന്നതിനായി ഈ പണം താഴ്‌വരയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കേസ് വീണ്ടും മെയ് എട്ടിന് രജിസ്റ്റര്‍ ചെയ്തു.
മെയ് 9 ന് ഹരിയാനയിലെ സിർസയിൽ നിന്ന് അമൃത്സർ നിവാസിയായ രഞ്ജിത് സിങ് എന്ന റാണ എലിയാസ് ചീറ്റയെ അറസ്റ്റ് ചെയ്ത ശേഷമാണ് കൂടുതല്‍ അന്വേഷണം ഉണ്ടായത്. ഏപ്രിൽ 25ന് അമൃത്സറിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരവാദ പണമിടപാടുകള്‍ പഞ്ചാബ് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ കസ്റ്റംസ് വകുപ്പ് അട്ടാരി അതിർത്തിയിൽ നിന്ന് 532 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്ത കേസിൽ രഞ്ജിത്തും കൂട്ടാളിയായ ഇക്ബാൽ സിങും പ്രധാന പ്രതികളാണ്. പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്ത റോക്ക് സാള്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.
കൊല്ലപ്പെട്ട തീവ്രവാദി നായികിന്റെ അടുത്ത സഹായി വാഗെയെ അറസ്റ്റ് ചെയ്യാൻ കാരണമായ കേസിലെ പ്രധാന പ്രതി രഞ്ജിത്താണ്. രഞ്ജിത്തും അഞ്ച് സഹോദരന്മാരും വർഷങ്ങളായി മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത് എന്നിവയിൽ പങ്കാളികളായിരുന്നു. ഈ കേസിൽ എൻഐഎ കഴിഞ്ഞ ഡിസംബർ 27ന് മൊഹാലിയിലെ പ്രത്യേക എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.