ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്‍റെ പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. 22 വയസ് പ്രായം കണക്കാക്കുന്ന ഷാക്കിര്‍ ബഷീര്‍ മഗ്രി എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണ അന്വേഷണത്തിന്‍റെ ഭാഗമായാണ് അറസ്റ്റെന്നാണ് പ്രാഥമിക നിഗമനം. പൂല്‍വാമ കൊക്കപുരയിലെ ഹജിബലില്‍ ഫര്‍ണീച്ചര്‍ ഷോപ്പ് നടത്തുകയാണ് ഇയാളെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തിലെ ചാവേറായ ആദില്‍ അഹമ്മദിന് താമസം അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
പാക് തീവ്രവാദി മുഹമ്മദ് ഉമര്‍ ഫറൂഖാണ് 2018ല്‍ ചാവേറായ ആദിലിനെ ഷാക്കിര്‍ ബഷീര്‍ മഗ്രിക്ക് പരിചയപ്പെടുത്തുന്നത്. പുല്‍വാമ ആക്രമണത്തിന് ഉള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മഗ്രി പണം, ആയുധം, വെടിമരുന്ന്, സഫോടക വസ്തുക്കള്‍, എന്നിവ എത്തിച്ചു നല്‍കിയതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല മുഹമ്മദ് ഉമര്‍ ഫറൂഖിനും ആദിലിനും 2018 അവസാനം മുതല്‍ 2019 ഫെബ്രുവരി വരെ താന്‍ താമസ സൗകര്യം നല്‍കിയിരുന്നതായും ഉഗ്ര ശേഷിയുള്ള ബോംബായ ഐ.ഇഡി നിര്‍മ്മിക്കാന്‍ സഹായിച്ചതായും മഗ്രി സമ്മതിച്ചിട്ടുണ്ട്.
പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച കാര്‍ വാങ്ങുന്നതിലും ബോംബ് ഘടിപ്പിക്കുന്നതിലും താന്‍ പങ്കാളിയായിരുന്നു. ആക്രമണത്തിനായി മാരുതി ഇക്കോ കാറാണ് ഉപയോഗിച്ചതെന്നും ഇയാള്‍ വ്യക്തമാക്കി. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ നേരത്തെ ഫോറന്‍സിക് വിദഗ്‌ധര്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിൻ, ആർഡിഎക്സ് എന്നിവയാണെന്നും നേരത്തെ എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ആദിലാണ് ആക്രമണം നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ച് 11 ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ദക്ഷിണ കശ്മീരിലെ ജെയ്ഷ്-ഇ-മുഹമ്മദ് ഡിവിഷണൽ കമാൻഡർ മുദ്ദാസിർ അഹ്മദ് ഖാനാണ് ആക്രമണത്തിൽ ഉൾപ്പെട്ട മറ്റൊരു ഭീകരന്‍.
പാകിസ്ഥാൻ തീവ്രവാദികളായ മുഹമ്മദ് ഉമർ ഫാറൂഖ്, ഐഇഡി വിദഗ്ധൻ കമ്രാൻ എന്നിവരാണ് കഴിഞ്ഞ വർഷം മാർച്ച് 29 ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ജൂൺ 16 ന് ആക്രമണത്തിന് ഉപയോഗിച്ച കാറിന്‍റെ ഉടമയായ അനന്ത്നാഗ് നിവാസി സഞ്ജദ് അഹ്മദ് ഭട്ട് കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ജനുവരി 25 ന് നടന്ന ആക്രമണത്തില്‍ ജെ.എം കമാൻഡർ ഖാരി യാസിറും കൊല്ലപ്പെട്ടിരുന്നു. 2019 ഫെബ്രവരി 14 നാണ് 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്തു ആക്രമണം നടന്നത്. ഷാക്കിര്‍ മാഗ്രിയെ അന്വേഷണ സംഘം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി ഇയാളെ എന്‍.ഐ.എക്ക് കൈമാറി.