ന്യൂഡല്‍ഹി: ബംഗളൂരു മൊഡ്യൂൾ കേസിൽ ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്‍റെ (ജെഎംബി) സജീവ അംഗം മൊസറഫ് ഹുസൈനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ താമസക്കാരനാണ് പിടിയിലായ ഹൊസൈൻ (22). ബെംഗളൂരുവിലെ എൻഐഎ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കുന്നതിന് വാറണ്ട് വാങ്ങുന്നതിനായി മൊസറഫ് ഹുസൈനെ ഇന്ന് കൊൽക്കത്തയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കും.
കർണാടകയിലെ ചിക്കബനവാരയില്‍ ജെഎംബി അംഗങ്ങൾ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്ന് 2019 ജൂലൈ 8 ന് ഗ്രനേഡുകൾ, ഗ്രനേഡ് തൊപ്പികൾ, ഐ.ഇ.ഡികളുടെ സർക്യൂട്ടുകൾ, ഒരു 9 എംഎം ലൈവ് റൗണ്ട്, ഒരു എയർ തോക്ക്, സ്ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇന്ത്യൻ സർക്കാർ നിരോധിച്ച തീവ്രവാദ സംഘടനയാണ് ജെഎംബി.
അട്ടിമറി പ്രവർത്തനങ്ങളിൽ പങ്കെടുക്കാനായി 2018 മാർച്ച് ആദ്യ വാരത്തിൽ ആസിഫ് ഇക്ബാല്‍ എന്ന മറ്റൊരു പ്രതിക്കൊപ്പം ഹൊസൈൻ ബംഗളൂരുവിലെത്തി എന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ബംഗളൂരുവിൽ താമസിക്കുന്നതിനിടെ മറ്റ് ജെഎംബി പ്രവര്‍ത്തകരായ ജാഹിദുൽ ഇസ്‌ലാം, കടോർ കാസി, ഹബീബുർ റഹ്മാൻ, ആദിൽ സീഖ്, നജീർ ഷെയ്ക്ക് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 2018 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഹൊസൈൻ പങ്കാളിയായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിലുടനീളം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താൻ പ്രതികള്‍ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്.