ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മിഷണർക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സമൻസ് പുറപ്പെടുവിച്ചു. ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ മരണത്തിന് കാരണമായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും അനാസ്ഥ കാണിച്ചതിനെ തുടർന്നാണ് നടപടി. ഡിസംബർ 29ന് മുമ്പ് ഹാജരാകണമെന്നാണ് നിർദേശം.
സുപ്രീംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ രാധാകാന്ത ത്രിപാഠി സമർപ്പിച്ച ഹർജിയെ തുടർന്നാണ് എൻഎച്ച്ആർസിയുടെ നടപടി. മരിച്ചയാളുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നൽകിയതിന്‍റെ തെളിവ് സഹിതം എൻഎച്ച്‌ആർസി കംപ്ലയിൻസ് റിപ്പോർട്ട് തേടി.
ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ വേണ്ടി യാതൊരു നടപടിയും പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചില്ലെന്ന് കമ്മിഷൻ കണ്ടെത്തി. മരിച്ചയാളുടെ അവകാശം ലംഘിക്കപ്പെട്ടുവെന്ന് എൻഎച്ച്‌ആർസി നിരീക്ഷിച്ചതായും അതിന് ഭരണകൂടം ബാധ്യസ്ഥരാണെന്നും ഹർജിക്കാരൻ പറഞ്ഞു. അതിനാൽ, കാരണം കാണിക്കൽ നോട്ടീസ് കമ്മിഷൻ സ്ഥിരീകരിക്കുകയും മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ കമ്മിഷണറോട് നിർദേശിക്കുകയും ചെയ്തു.
കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച വകുപ്പുതല നടപടികളുടെ വിശദാംശങ്ങൾക്കൊപ്പം പണമടച്ചതിന്‍റെ തെളിവോടൊപ്പം റിപ്പോർട്ട് സമർപ്പിക്കാനും എൻഎച്ച്‌ആർസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ത്രിപാഠി പറഞ്ഞു. റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും കമ്മിഷന് മറുപടി നൽകാൻ ഡൽഹി പൊലീസ് പരാജയപ്പെട്ടു.