വെല്ലിംഗ്‌ടണ്‍: സാമ്പത്തിക മേഖലയെ വീണ്ടെടുക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് ഊന്നൽ നൽകി ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് അധികാരത്തിൽ വന്ന ന്യൂസിലൻഡിന്റെ പുതിയ ഗവൺമെൻ്റ്. കൊവിഡിൽ ബാധിക്കപ്പെട്ട സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജസീന്ത ആർഡേന്റെ നേതൃത്വത്തിലുള്ള സർക്കാർ ചെറുകിട ഉത്പന്നങ്ങൾക്കും വ്യവസായങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചത്.
ഈ വർഷമവസാനം വരെ കാലാവധി ഉണ്ടായിരുന്ന പദ്ധതികൾ 2023 ഡിസംബർ 31 വരെ നീട്ടാനും ലോണുകളുടെ പലിശ രഹിത കാലയളവ് രണ്ട് വർഷം വരെ നീട്ടാനും ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. ഇങ്ങനെ ലോണുകൾക്ക് പലിശ ഈടാക്കുന്നത് നീട്ടുന്നത് ചെറുകിട വ്യവസായ സംരഭകർക്ക് വലിയ സഹായമാകുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൻ വിശദീകരിച്ചു. രാജ്യത്തെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഡിസംബറിൽ അവസാനിക്കില്ലെന്നും പദ്ധതികളിലൂടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.