ചണ്ഡീഖഡ്:പഞ്ചാബിലെ മൊഹാലിയില്‍ നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. സംയോജിത മാലിന്യ സംസ്കരണ സംവിധാനവും പുതിയ മലിനജല ശുദ്ധീകരണ പ്ലാന്‍റും (എസ്‌ടിപി) ഉൾപ്പെടെ നിരവധി വികസന സംരംഭങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഭൂമി കണ്ടെത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറുകയും ചെയ്തു. റിപ്പബ്ലിക് ദിന ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ സാഹിബ്‌സാദ അജിത് സിംഗ് നഗർ (എസ്‌എഎസ് നഗർ) ജില്ലയിലെ പുരോഗതി വർധിപ്പിക്കുന്നതിനായി നിരവധി ക്ഷേമ നടപടികളും പ്രഖ്യാപിച്ചു.
ഖാരാറിലെ ത്രിപാറിയിൽ പുതിയ വ്യവസായ പരിശീലന സ്ഥാപനവും (ഐടിഐ) പ്രഖ്യാപിച്ചു. അഞ്ച് കോടി രൂപയുടെ പദ്ധതി തൊഴിൽ പരിശീലനം കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും തൊഴിലവസരമുള്ള യുവജന സേനയെ സൃഷ്ടിക്കുമെന്നും സിംഗ് പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങളുടെ സുഗമമായ സംഭരണത്തിനും വിപണനത്തിനും മൊഹാലിയിൽ പുതിയ മാർക്കറ്റ് കമ്മിറ്റിയും രൂപീകരിക്കും. ജില്ലയിലെ പൊലീസ് സേനയുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പൊലീസ് ലൈൻ നിർമാണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.