പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ കൂടുതൽ തെളിവുകളുമായി ഇന്ത്യ. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിൽ വെച്ചാണ് ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ പുൽവാമയിൽ ഇന്ത്യൻ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് പാക് സൈനിക ആശുപത്രിയിൽ നിന്നും ജയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് ശബ്ദ സന്ദേശം അയച്ചതിന്‍റെ തെളിവും ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറാനാണ് ഇന്ത്യയുടെ തീരുമാനം.
ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരിച്ചടിക്കായി സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ തിരിച്ചടി മുന്നിൽ കണ്ട് അതിർത്തിയിലെ ഭീകരവാദ ക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫിന്‍റെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.