ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബായ രാജപക്‌സെയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ സമരം ചെയ്യുകയായിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ എംപി വൈക്കോയെയും സംഘത്തെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു.
ഹിറ്റ്ലറുടെ കാലത്ത് ജര്‍മനിയിലും, പോളണ്ടിലുമുണ്ടായിരുന്ന സാഹചര്യമാണ് ഇപ്പോള്‍ ശ്രീലങ്കയിലുള്ളതെന്ന് വൈക്കോ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന ഗോതാബായ രാജപക്‌സെ വിരുദ്ധ സമരത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപിന് സമാനമാണെന്നും, തോക്കേന്തിയ ശ്രീലങ്കന്‍ സൈന്യം അവര്‍ക്ക് ചുറ്റും എപ്പോഴും റോന്ത് ചുറ്റുകയാണെന്നും വൈക്കോ ആരോപിച്ചു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ നയതന്ത്ര ചര്‍ച്ചകള്‍ക്കായി ശ്രീലങ്കയിലേക്ക് അയച്ച മോദിയുടെ നടപടിക്കെതിരെയും വൈക്കോ പ്രതികരിച്ചു. ഗോതാബായ രാജപക്‌സെ ഇന്ത്യയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, ഇന്ത്യയേക്കാള്‍ ശ്രീലങ്കയ്‌ക്ക് താല്‍പര്യം ചൈനയോടും, പാകിസ്ഥാനോടുമാണെന്നും വൈക്കോ പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് വൈകിട്ടോടെയാണ് ഗോതാബായ രാജപക്‌സെ ഇന്ത്യയിലെത്തുന്നത്. വെള്ളിയാഴ്‌ച രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രാജപക്‌സെ പങ്കെടുക്കും. അന്നുതന്നെ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.