ന്യൂഡൽഹി: ലണ്ടനിൽ നിന്ന് തിങ്കളാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ 266 യാത്രക്കാരിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകൾ നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലേക്കും (എൻസിഡിസി) അവിടെ നിന്ന് കെയർ സെന്‍ററിലേക്കും അയച്ചു.
യുകെയിൽ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയ 470 യാത്രക്കാരിൽ 250ൽ അധികം പേരും ഡൽഹിയിലേക്കുള്ളവരാണ്. യുകെയിൽ കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയത് കണക്കിലെടുത്ത് ഇവരെ ഡൽഹി വിമാനത്താവളത്തിൽ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കി. കൊറോണ വകഭേദം 70 ശതമാനം അധിക വേഗതയിൽ വ്യാപിക്കുന്നവയാണ്. വകഭേദം കണ്ടെത്തിയതിനെ തുടർന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾ ഇന്ത്യൻ സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. റദ്ദാക്കൽ ഡിസംബർ 22 അർധരാത്രി മുതൽ നിലവിൽ വരും. ഇന്ന് എത്തുന്ന അവസാന രണ്ട് വിമാനങ്ങളിലെ യാത്രക്കാരെയും നിർബന്ധിത ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവുണ്ട്.