ന്യൂഡൽഹി: ചൈന ഇന്ത്യൻ അതിർത്തി കടന്നിട്ടില്ല, ഇന്ത്യയുടെ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തിട്ടുമില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നിരുന്നാലും ചൈനയുടെ പ്രവൃത്തിയിൽ രാജ്യം മുഴുവൻ ഒരേസമയം രോഷത്തിലും വേദനയിലുമാണെന്നും മോദി പറഞ്ഞു. ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നു. എന്നാൽ രാജ്യത്തിന്‍റെ പരമാധികാരം പ്രധാനമാണ്. ഭാരതത്തെ സംരക്ഷിക്കാൻ ഇന്ത്യൻ സൈനികർ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സൈന്യത്തെ വിന്യസിക്കുന്നതിലായാലും പ്രത്യാക്രമണം നടത്തുന്നതിലായാലും.
യോഗത്തിൽ പങ്കുവെച്ച ചില വസ്തുതകൾ
1. ചൈന അതിർത്തി കടന്നിട്ടില്ല, സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തിട്ടില്ല
2. ഏത് വിഷമകരമായ സാഹചര്യവും കൈകാര്യം ചെയ്യാൻ സൈന്യം പ്രാപ്തരാണ്
അതിന് ആവശ്യമായ അധികാരം പ്രതിരോധ വകുപ്പിന് നൽകിയിട്ടുണ്ട്.
3. ഞങ്ങളുടെ അതിർത്തികൾ പരിരക്ഷിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസനത്തിന് നാം മുൻതൂക്കം നൽകിയിട്ടുണ്ട്.
4. യുദ്ധവിമാനങ്ങൾ, നൂതന ഹെലികോപ്റ്ററുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എല്ലാം സജ്ജമാണ്.
5. നമ്മുടെ സൈനികരിൽ രാജ്യത്തിന് അതിയായ വിശ്വാസമുണ്ട്.
6. രാജ്യം മുഴുവൻ അവരോടൊപ്പമുണ്ടെന്ന് സൈനികർക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു.
7. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലൂടെ, ദുർഘടമായ പ്രദേശങ്ങളിൽ സൈനികർക്ക് അവശ്യവസ്തുക്കളും സാധനങ്ങളും
വിതരണം ചെയ്യാൻ എളുപ്പമായി.
8. ഇന്ത്യ ഒരിക്കലും ബാഹ്യ സമ്മർദത്തിന് വിധേയമായിട്ടില്ല. രാജ്യത്തിന്‍റെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം ത്വരിതപ്പെടുത്തും.